Tuesday, September 29, 2009

velliamma


laxmi nandakumar

my grandmother's sister in law,velliamma from salem,with love!

ഗാന്ധിജിക്ക്‌ സ്വര്‍ണംസമര്‍പ്പിച്ച കൈകള്‍ക്ക്‌ ഇന്ന്‌ നൂറ്‌
സേലം: സ്വാതന്ത്ര്യസമരത്തിന്റെ തീജ്ജ്വാലകള്‍ നാടെങ്ങും പൊങ്ങിപ്പടരുന്ന 1934 ജനവരി പത്ത്‌. ഒറ്റപ്പാലം ഇളകിമറിയുകയാണ്‌. ഗുരുവായൂര്‍ സത്യാഗ്രഹത്തോടനുബന്ധിച്ച്‌ ഗാന്ധിജിയുടെ വരവാണ്‌. വൈകുന്നേരത്തോടെയാണ്‌ ഒറ്റപ്പാലത്തെത്തിയത്‌. പ്രസംഗവേദിപരിസരം ജനനിബിഡം.

ഇളകിമറിയുന്ന ആരാധകര്‍ക്കിടയിലേക്ക്‌ ഗാന്ധിജി എത്തി. വികാരോജ്ജ്വലമായ പ്രസംഗം. അതിനൊടുവില്‍ സ്വാതന്ത്ര്യസമരനിധിയിലേക്ക്‌ സംഭാവനകള്‍ പ്രവഹിക്കുന്നു. അപ്രതീക്ഷിതമായി ലക്ഷ്‌മിയെന്ന 25 വയസ്സുകാരി യുവതി വേദിയിലെത്തി കൈയില്‍ക്കിടന്ന രണ്ട്‌ സ്വര്‍ണവളകള്‍ ഗാന്ധിജിക്ക്‌ സമര്‍പ്പിച്ചു. വാത്‌സല്യം കിനിയുന്ന ബാപ്പുജിയുടെകണ്ണുകള്‍ ഒരുനിമിഷം അവളുടെ മുഖത്ത്‌ തങ്ങിനിന്നു.

ഗാന്ധിജിയുടെ അഭിനന്ദനങ്ങളേറ്റുവാങ്ങിയ ആ യുവതി ഇന്ന്‌ നൂറാംപിറന്നാള്‍ ആഘോഷിക്കുകയാണ്‌. പാലക്കാട്‌ജില്ലയിലെ കൂറ്റനാട്ടിനടുത്ത്‌ ആനക്കര വടക്കത്ത്‌ വീട്ടില്‍ മാധവിയമ്മയുടെയും പെരുമ്പിലാവില്‍ ഗോവിന്ദമേനോന്റെയും മകള്‍ എ.വി. ലക്ഷ്‌മിയമ്മ.

സ്വാതന്ത്ര്യസമരചരിത്രത്തില്‍ മായാത്ത പേരായ എ.വി. കുട്ടിമാളുവമ്മയുടെ ഇളയ സഹോദരിയാണ്‌ ലക്ഷ്‌മിയമ്മ. നാലുമാസം പ്രായമുള്ള കൈക്കുഞ്ഞിനോടൊപ്പം രണ്ടുവര്‍ഷം വെല്ലൂര്‍ സെന്‍ട്രല്‍ജയിലില്‍ക്കിടന്ന കുട്ടിമാളുവമ്മയുടെ ധീരത അറിയുന്നവര്‍ ലക്ഷ്‌മിയമ്മയില്‍നിന്ന്‌ അതില്‍ക്കുറവൊന്നും പ്രതീക്ഷിക്കുകയുമില്ല. ഗാന്ധിജിയുടെ ഫണ്ടിലേക്ക്‌ വളകള്‍ സംഭാവനചെയ്‌ത ലക്ഷ്‌മിയമ്മയുടെ മാതൃക അന്ന്‌ ഒപ്പമുണ്ടായിരുന്ന മറ്റൊരു സഹോദരി മാധവിയമ്മയും അനുകരിക്കുകയുണ്ടായി.

മാതൃരാജ്യത്തിന്റെ മഹിമ ഉയര്‍ത്തിപ്പിടിച്ച ഒരു കുടുംബത്തിനോടുള്ള ആദരസമര്‍പ്പണം കൂടിയാവും 27ന്‌ സേലത്ത്‌ ന്യൂഫെയര്‍ലാന്‍ഡില്‍ ലക്ഷ്‌മിയമ്മയുടെ മകന്‍ ഡോ.എന്‍. രാജന്റെ 'ലക്ഷ്‌മീനാരായണ' വീട്ടില്‍ നടക്കുന്ന ആഘോഷം. തുലാമാസത്തിലെ തൃക്കേട്ടനാളില്‍ പിറന്നാളുണ്ണുന്ന ലക്ഷ്‌മിയമ്മയുടെ നൂറാംജന്മദിനം കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സൗകര്യാര്‍ഥമാണ്‌ 27 ന്‌ നടത്തുന്നത്‌. മകന്‍ രാജന്‍, മകള്‍ സരോജിനി, മരുമകള്‍ ചെര്‍പ്പുളശ്ശേരി കുഴിഞ്ഞേടത്ത്‌ ശാന്താരാജന്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ ഒരുക്കങ്ങള്‍. ആഘോഷവേള അവിസ്‌മരണീയമാക്കാന്‍ ബന്ധുക്കളൊക്കെ എത്തിക്കഴിഞ്ഞു. തൊണ്ണൂറുവയസ്സുള്ള അനിയത്തി ശങ്കരി, ഇംഗ്ലണ്ടിലുള്ള അനുജന്‍ ഡോ.ജി. രാജന്‍, കുട്ടിമാളുവമ്മയുടെ മക്കളായ ലക്ഷ്‌മിരാജ, മാതൃഭൂമി ഡയറക്ടര്‍ കൂടിയായ കേണല്‍ എ.വി.എം. അച്യുതന്‍ തുടങ്ങിയവരൊക്കെ ഉണ്ടാകും.

26-ാം വയസ്സിലായിരുന്നു കോഴിപ്പുറത്ത്‌ നാരായണമേനോനുമായി ലക്ഷ്‌മിയമ്മയുടെ വിവാഹം. മദ്രാസില്‍ ഇന്‍ഷുറന്‍സ്‌കമ്പനിമാനേജരായിരുന്ന നാരായണമേനോന്‍ മരിക്കുമ്പോള്‍ ലക്ഷ്‌മിയമ്മയ്‌ക്ക്‌ വയസ്സ്‌ 36. വൈധവ്യം അവരെ നയിച്ചത്‌ മറ്റൊരു ലോകത്തേക്കായിരുന്നു. ഭര്‍ത്താവിന്റെയോ മദ്രാസില്‍ ഡെപ്യൂട്ടി കളക്ടറായിരുന്ന അച്ഛന്‍ പെരുമ്പിലാവില്‍ ഗോവിന്ദമേനോന്റെയോ പേരില്‍ ലഭിക്കാവുന്ന ആനുകൂല്യങ്ങള്‍ക്കും ജ്യേഷുത്തി കുട്ടിമാളുവമ്മയുടെ ഭര്‍ത്താവും മന്ത്രിയുമായിരുന്ന കോഴിപ്പുറത്ത്‌ മാധവമേനോന്റെ ശിപാര്‍ശകള്‍ക്കും കാത്തുനിന്നില്ല. ലക്ഷ്‌മിയമ്മ മദ്രാസില്‍ ബാലമന്ദിരം എന്ന അനാഥാലയത്തില്‍ കുട്ടികളെ പരിചരിക്കുന്ന ജോലിക്ക്‌ ചേര്‍ന്നു. അമ്മയ്‌ക്കൊപ്പം മക്കളായ രാജനും സരോജിനിയും ബാലമന്ദിരത്തില്‍ താമസിച്ചു. ആദര്‍ശങ്ങളില്‍ വിട്ടുവീഴ്‌ച ചെയ്യാതെ മകനെ പഠിപ്പിച്ച്‌ ഡോക്ടറാക്കി. മകളെ വിവാഹം ചെയ്‌തുകൊടുത്തു. മരുമകന്‍ പി.ടി. പത്മനാഭന്‍ മരിച്ചതിനുശേഷം മകള്‍ സരോജിനിയും സേലത്ത്‌അമ്മയ്‌ക്കൊപ്പമുണ്ട്‌. മദ്രാസ്‌ മെഡിക്കല്‍ കോളേജില്‍നിന്ന്‌ എം.ബി.ബി.എസ്‌., സ്റ്റാന്‍ലിമെഡിക്കല്‍ കോളേജില്‍നിന്ന്‌ എം.എസ്‌. (ജനറല്‍), മദ്രാസ്‌ മെഡിക്കല്‍കോളേജില്‍ എം.എസ്‌. (ഓര്‍ത്തോ) എന്നിവ കഴിഞ്ഞ്‌ ആര്‍മി മെഡിക്കല്‍ സര്‍വീസിലും സര്‍ക്കാര്‍ സര്‍വീസിലും സേവനമനുഷുിച്ച ഡോ. രാജന്‍ സേലം ഹെഡ്‌ക്വാര്‍ട്ടര്‍ ആസ്‌പത്രിയില്‍നിന്നാണ്‌ വിരമിച്ചത്‌. പണമുണ്ടാക്കാനുള്ള വഴിയായി വൈദ്യവൃത്തിയെ ഉപയോഗിക്കരുതെന്ന അമ്മയുടെ ഉപദേശപ്രകാരം വീട്ടില്‍ സൗജന്യചികിത്സ നല്‍കുകയാണിപ്പോള്‍. ബഹുഭാഷാപണ്ഡിതയായ ലക്ഷ്‌മിഅമ്മ താമസിച്ച സ്ഥലങ്ങളിലൊക്കെ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക്‌ സൗജന്യട്യൂഷന്‍ നല്‍കിയിരുന്നു. മലയാളം, തമിഴ്‌, ഹിന്ദി, ഇംഗ്ലീഷ്‌ എന്നീ ഭാഷകളിലൊക്കെ പ്രാവീണ്യമുണ്ട്‌.

4 comments:

  1. അതൊക്കെ ഓർക്കപ്പെടേണ്ടതും, എഴുതപ്പെടേണ്ടതുമായ ചരിത്രങ്ങൾ തന്നെ...തുടർന്നും എഴുതൂ. ഗാന്ധിജിയുടെ വാക്കുകൾ ഉൾക്കൊണ്ട്‌ മാത്രകയായ ഒരു തലമുറ നമുക്കുണ്ടായിരുന്നു. (ഇപ്പോൾ എഴുതാറില്ലേ?)

    ReplyDelete
    Replies
    1. Thank you...Oru break vannu. Ini veendum thudangam..

      Delete
  2. പിറന്നാള്‍ ആശംസകള്‍ ...ഇന്ന് നമ്മില്‍ പലര്‍ക്കും ആദര്‍ശങ്ങള്‍ നഷ്ടമാവുന്നു..അവനവനിലെയ്ക്ക് മാത്രം ചുരുങ്ങുന്നു നമ്മള്‍...നന്നായി എഴുതി...

    ReplyDelete

BRIHADEESWARA TEMPLE

Thanjai Periya koil   BRIHADEESWARA TEMPLE - THANJAORE Located on the south banks of Cauvery river is one of the biggest temple ever in hist...